Wednesday, May 19, 2010

ഇനിയും കൊല്ലണോ ഈ ഉദ്യോഗസ്ഥനെ?

ഇനിയും കൊല്ലണോ ഈ ഉദ്യോഗസ്ഥനെ?
ജോണ്‍ കെ ഏലിയാസ്
(( വെബ്‌ദുനിയയില്‍ ശ്രീ ജോണ്‍ കെ ഏലിയാസ് എഴുതിയ ഒരു ലേഖനം . ))

സത്യസന്ധതയ്ക്കുള്ള സമ്മാനമാണോ ഈ ചാട്ടവാറടി? ഐ‌എഎസ് ഉദ്യോഗസ്ഥനായ കെ സുരേഷ്കുമാറിനെതിരെ എല്‍ഡി‌എഫ് സര്‍ക്കാര്‍ സ്വീകരിക്കുന്ന പകപോക്കല്‍ കാണുമ്പോള്‍ അറിയാതെ ആരും ചോദിച്ചുപോകുന്ന ചോദ്യമാണിത്. എന്തിനാണ് ഒരു മനുഷ്യനെ ഇത്രയും ദ്രോഹിക്കുന്നത്?. സുരേഷ്കുമാറിനെ പോലുള്ള ഒരു ഉദ്യോഗസ്ഥനെ ആര്‍ക്കും വേണ്ടാത്ത ഭാഷാവിഭാഗത്തിലേക്ക് തള്ളിയിട്ട സിപി‌എം ഇപ്പോള്‍ വീണ്ടും സസ്പെന്‍ഷന്‍ എന്ന മാരകായുധവുമായി അദ്ദേഹത്തിന് നേര്‍ക്ക് തിരിഞ്ഞിരിക്കുകയാണ്.

ഒരുപക്ഷേ, കേരളത്തിന്‍റെ കമ്മ്യൂണിസ്റ്റ് ഭരണ ചരിത്രത്തില്‍ സര്‍ക്കാര്‍പ്രമാണിത്വത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ ദ്രോഹങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന ഉദ്യോഗസ്ഥന്‍ സുരേഷ് കുമാര്‍ ആയിരിക്കാം.

കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ പിന്തുടരുന്ന പാരമ്പര്യത്തില്‍ നിന്ന് എത്തിയ ഒരു ഉദ്യോഗസ്ഥന്‍ എങ്ങനെ പാ‍ര്‍ട്ടിക്ക് അനഭിമതനായി എന്നതാണ് അമ്പരപ്പിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ലോട്ടറി മാഫിയയ്ക്കെതിരെ സ്വീകരിച്ച നടപടികളിലൂടെയാണ് കെ സുരേഷ്കുമാര്‍ എന്ന ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരില്‍ നിന്നും വേണ്ടത്ര പിന്തുണയില്ലെന്ന് മനസിലായപ്പോള്‍ ലോട്ടറിമാഫിയയ്ക്കെതിരെ പോരാടാന്‍ സുരേഷ് കൂട്ടുപിടിച്ചത് പ്രതിപക്ഷ നേതാവായിരുന്ന വി‌എസിനെ.

പ്രശ്നം നിയമസഭയിലുന്നയിച്ച് വി‌എസ് ജനപ്രിയ നേതാവെന്ന മൈലേജിന് ആക്കം കൂട്ടി. വി‌എസിന് വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തതിന്‍റെ പേരില്‍ ലോട്ടറി ഡയറക്ടറായിരുന്ന സുരേഷിന് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കേണ്ടിയും വന്നു.

പിന്നീട് അധികാരത്തിലെത്തി ഏറെ വെല്ലുവിളിയോടെ മൂന്നാര്‍ ദൌത്യം ആരംഭിച്ച വി‌എസിന് അതിന്‍റെ നായകത്വം സുരേഷിനെ ഏല്‍‌പിക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. എന്നാല്‍, തന്നെ ഏല്‍‌പിച്ച ജോലി നൂറ് ശതമാനം ആത്മാര്‍ത്ഥതയോടെ നിര്‍വ്വഹിച്ച സുരേഷിനെ കാത്തിരുന്നത് അഭിനന്ദനമോ പൂച്ചെണ്ടുകളോ ആയിരുന്നില്ല. ടാറ്റ ഉള്‍പ്പെടെയുള്ള മൂന്നാറിലെ കയ്യേറ്റ വമ്പന്‍‌മാരുടെ അസ്ഥിവാരം തോണ്ടിയതോടെ സുരേഷ് സിപി‌എമ്മിന്‍റെയും സിപിഐയുടെയും കണ്ണിലെ കരടായി മാറി.

പിന്നീടിങ്ങോട്ട് സുരേഷെന്ന ഉദ്യോഗസ്ഥന് ജോലിയിലുള്ള വെല്ലുവിളിയെക്കാള്‍ അതിജീവിക്കേണ്ടിവന്നത് രാഷ്ട്രീയ മേലാളന്‍‌മാരുടെ പീഡനമുറകളായിരുന്നു. മൂന്നാറില്‍ നിന്ന് തലസ്ഥാനത്തേക്കുള്ള വിളിച്ചുവരുത്തലും വിശദീകരണം ചോദിക്കലുമായി വി‌എസ് പോലും ഈ ദൌത്യത്തില്‍ അറിയാതെ പങ്കാളിയായി. പിന്നീട് കിളിരൂര്‍ ഫയല്‍ മുഖ്യമന്ത്രിയുടെ ഓഫീ‍സില്‍ പൂഴ്ത്തിവച്ചെന്ന പരസ്യപ്രസ്താവന സുരേഷ്കുമാര്‍ നടത്തിയതോടെ വി‌എസ് പോലും സുരേഷിനെതിരെ പരസ്യമായി തിരിഞ്ഞു.

ഇതിന്‍റെ പേരില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട സുരേഷ് സര്‍വ്വീസില്‍ തിരികെയെത്തിയിട്ട് നാലു മാസം പൂര്‍ത്തിയാകുമ്പോഴാണ് വീണ്ടും സസ്പെന്‍ഷന്‍ എന്ന വാളുമായി ആഭ്യന്തര വകുപ്പ് രംഗത്തെത്തുന്നത്. ഇതിനുള്ള കാരണമാണ് ഏറെ രസകരം. കാര്‍ഷിക സഹകരണ വികസന ബാങ്കിലെ എംഡിയായിരിക്കെ ചട്ടം ലംഘിച്ച് വാഹനത്തിന് സ്പെയര്‍ പാര്‍ട്സ് വാങ്ങിയെന്നതാണ് ആഭ്യന്തര വകുപ്പ് സുരേഷിന്‍റെ മേല്‍ ആരോപിക്കുന്ന പ്രധാന കുറ്റം. യാത്രയ്ക്കിടെ ഔദ്യോഗിക വാഹനത്തിന്‍റെ ഹോണ്‍ കേടായപ്പോള്‍ മറ്റൊന്നു വാങ്ങാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചില്ലെന്നാണ് ഒരു പരാതി. ലാപ്‌ടോപ്പ് വാഹനത്തിനുള്ളില്‍ പ്രവര്‍ത്തിപ്പിക്കാന്‍ 350 രൂപയുടെ അഡാപ്ടര്‍ ക്വട്ടേഷനില്ലാതെ വാങ്ങിയെന്നാണ് മറ്റൊരു പരാതി.

കാര്‍ഷിക ബാങ്കിലെ സി പി എം യൂണിയനാണ് പരാതിക്കാര്‍. ഈ പരാതിയുടെ ഗൌരവം സ്വയം തിരിച്ചറിഞ്ഞതുകൊണ്ടാകാം അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്നും ബാങ്കിന്‍റെ ഡയറക്ടര്‍ ബോര്‍ഡ് യോഗങ്ങളില്‍ നിന്ന് വിട്ടുനിന്നുവെന്ന കുറ്റവും കൂട്ടത്തില്‍ ആരോപിക്കുന്നുണ്ട്.

സുരേഷിനെതിരെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്ന ഒരുകാര്യങ്ങളും ഗൗരവമര്‍ഹിക്കുന്നതോ അഴിമതിനിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്നതോ അല്ലെന്നായിരുന്നു റിപ്പോര്‍ട്ട് മുന്നിലെത്തിയപ്പോള്‍ അന്നത്തെ ചീഫ് സെക്രട്ടറി നീലാഗംഗാധരന്റെ നിലപാട്. സസ്‌പെന്‍ഷന്റെ ആവശ്യമില്ലെന്നും അവര്‍ ഫയലില്‍ എഴുതിയിരുന്നു. ഈ റിപ്പോര്‍ട്ടാണ് വീണ്ടും പൊടിതട്ടിയെടുത്ത് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് മുന്നിലെത്തിയത്.

മകന്റെ കണ്ണിന്‍റെ ചികിത്സയ്ക്കു വേണ്ടിയാണ് സുരേഷ്‌കുമാര്‍ മൂന്നുതവണ മലേഷ്യ സന്ദര്‍ശിച്ചത്. മൂന്നുതവണയും യാത്രയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയതായി അന്വേഷണത്തില്‍ ബോധ്യപ്പെടുകയും ചെയ്തിരുന്നു. കേന്ദ്ര തലത്തില്‍ തന്നെ ഏറെ പ്രശംസ പിടിച്ചുപറ്റിയ നിരവധി ഐഎ‌എസ് ഉദ്യോഗസ്ഥരെ സംഭാവന ചെയ്ത നാടാണ് നമ്മുടേത്. ഇവിടെ തന്നെയാണ് സത്യസന്ധമായി കടമ നിര്‍വ്വഹിച്ച ഒരു ഉദ്യോഗസ്ഥന്‍ നിരന്തരം രാഷ്ട്രീയപകപോക്കലിന് ഇരയാകേണ്ടി വന്നതെന്നത് വിരോധാഭാസമാകാം.

Tuesday, May 11, 2010

Lying to boss not easy now ...No one can hide

No one can hide ...Funny Cartoon by krishashok.wordpress.com